Sunday, October 30, 2011

യാത്രയാകുന്നവര്‍...

വിജനമായ നദീതീരത്തെ
ഉരുളന്‍ കല്ലുകളില്‍ ചവിട്ടി
ഉറയ്ക്കാത്ത കാലടികളുമായി
ഞാന്‍ നടക്കുകയായിരുന്നു...

കൂടെയുണ്ടായിരുന്നവര്‍
അകലെയെവിടെയോ
കൊഴിഞ്ഞു പോയിരുന്നു...

ഏകാന്തതയുടെ
വീര്‍പ്പുമുട്ടിക്കുന്ന സുഖം
എന്നെ കൊന്നുതിന്നുകൊണ്ടെയിരുന്നു...

നദിക്കരയിലെ കല്ലുകളെക്കാള്‍
വഴിയില്‍ കൊഴിഞ്ഞുപോയവര്‍
അപരിചിതര്‍...

ഹൃദയത്തില്‍ നിന്നും പൊട്ടിയ ഉറ
ഉപ്പുനീരായി കണ്ണുകളില്‍നിന്നും
എനിക്കുചുറ്റും ഒഴുകിപ്പടരാന്‍ തുടങ്ങി...
എന്റെ പ്രന്ജ്ജയിലൂടെ...
ഉരുളന്‍ കല്ലുകള്‍ക്കുമുകളില്‍...
അരയ്ക്കുമുകളില്‍...
അറയ്ക്കും കഴുത്തിനും മുകളില്‍..
നദിയിലെ അമൃത ജലം പോലെ...

ശാന്തി...
ശാന്തി...
ശാന്തി...

പ്രണയം...?

പറയുവാനേറെ കൊതിച്ചതാനെങ്കിലും
പറയാതെ ഞാനെത്ര നെടുവീര്‍പ്പ് അണച്ചുപോയി
ഒടുവില്‍ പറയുവാനാശിച്ച നേരത്ത്‌
എന്നില്‍ നിന്നകലെ - അകലെ മറഞ്ഞുപോയി...

ഇണക്കിളി

വാത്സല്യവും പ്രണയവും,
വിദ്വേഷത്തിനും പകയ്ക്കും
പങ്കുവച്ച് യാത്രയായ
ഇണക്കിളിയുടെ ചിറകടിയൊച്ച,
കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്.

എങ്കിലും ഞാന്‍ പറക്കുകയാണ്...
നാം പിരിഞ്ഞ നിമിഷങ്ങളില്‍ നിന്നും
മന്വന്ധരങ്ങള്‍ അകലേയ്ക്ക്...

കരിഞ്ഞലിഞ്ഞീ ചിറകുകള്‍
മേഘപാളികള്‍ക്ക് മുകളില്‍ വീഴും വരെ...

അന്നും,
എൻ ഹൃദയം തുടിക്കുമെങ്കിൽ
അത് നിനക്കായിരിക്കും...

ആ തുടിപ്പിന്റെ അവസാന മാത്രയിലും
-പിരിഞ്ഞു പോയെങ്കിലും-
എന്നിണപ്പക്ഷീ, നീയുണ്ടായിരിക്കും...
നിന്‍റെ ചിരിയും ചിറകടിയുമുണ്ടായിരിക്കും...

മഴ

പെയ്തിറങ്ങുന്ന മഴയ്ക്ക്‌ കീഴെ
പൂക്കൈതകള്‍ അതിരിട്ട വരമ്പുകളില്‍,
തെറ്റിവീഴാന്‍ പാകമായ ചെമ്മണ്‍ പാതകളില്‍
ചേമ്പില കുടയാക്കി
മനസ്സ് നടക്കാന്‍ ഇറങ്ങാറുണ്ട്‌...
പതിവുതെറ്റി പെയ്യുന്ന ജൂണ്‍ മഴ കാണുമ്പോള്‍....

പതിവായി പരിഭവം പറയാറുണ്ട്‌..
"നിനക്ക് തോരാതിരുന്നുകൂടെ..."

മുന്‍പേ പറന്ന പക്ഷികള്‍

എനിക്ക് മുന്‍പേ പറന്ന പക്ഷികള്‍
ഭാഗ്യവാന്മാര്‍ ...
അവര്‍ നേരില്‍നിന്നും ഏറെ അകലെയാണല്ലോ...
ഭരിക്കുന്നവന്‍ പാകപ്പെടുത്തിയ ചരിത്രത്തില്‍
അവന്റെ തിരുശേഷിപ്പുകള്‍ ഉണ്ടാകില്ല...
സിരകളില്‍നിന്നടര്‍ന്നു മണ്ണില്‍ വീണു ചിതറിയ
രക്തതുള്ളികളുടെ കണക്കെടുപ്പുമുണ്ടാകില്ല...
കാരണം, അവര്‍ വര്‍ത്തമാനത്തിനു മുന്‍പേ പറന്ന പക്ഷികള്‍‍...

ഇന്നലെയുടെ നേരികെടുകളാണ്
ഇന്നിന്റെ നേരുകലെന്നു പറഞ്ഞതാരാണ്....?