Tuesday, January 28, 2014

അമ്മക്കുരുവി

ഞാൻ താമസിക്കുന്നത് നിറയെ മരങ്ങളുള്ള ഒരു ചെറിയ പാർക്കിലേക്ക് തുറന്ന ബാൽക്കണിയുള്ള തീരെ ചെറിയ ഒരു പഴയ ഫ്ലാറ്റിലാണ്. കുറെ ദിവസങ്ങൾക്ക് മുൻപ്‌ പാർക്കിലെ ധാരാളം കുരുവികളിലൊരാൾ അവിടെയുള്ള മരങ്ങളെയെല്ലാം അവഗണിച്ച് ബാൽക്കണിയിലെ ലൈറ്റ് ഷേടിൽ കൂടുകൂട്ടി. അവധി ദിവസങ്ങളിൽ അവളും അവളുടെ കൂട്ടുകാരനും എനിക്ക് കൂട്ടായി.

പൊടുന്നനെ ഒരു പ്രഭാതത്തിൽ കൂട്ടിലൊരു കുഞ്ഞു മുട്ട പ്രത്യക്ഷപ്പെട്ടു. പിന്നെ പെതിയെ മറ്റൊന്നുകൂടി.

ഇന്ന് രാവിലെ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്ന ഞാൻ കണ്ടത് സിമന്റുതറയിൽ ചിതറിയ പൂക്കൾപോലെ... ആ അമ്മക്കിളിയുടെ പ്രതീക്ഷകൾ...പൂവണിയാത്ത സ്വപ്‌നങ്ങൾ. എനിക്കെതിരെ കൈവരിയിലിരുന്നു അവൾ - ജനിക്കും മുൻപേ ഉടഞ്ഞു ചിതറിയ സ്വപ്നങ്ങളുമായി ഒരമ്മ - എന്നെ നോക്കുന്നു.

ഹൃദയത്തിന് മുകളിൽ ആരോ അമര്ത്തിപ്പിടിക്കുംപോലെ...എനിക്ക് അമ്മയെ, അമ്മയുടെ കരുതലും വാത്സല്യവും, ഓർമവന്നു. ഞാൻ പതിയെ ബാൽക്കണിയിലേക്കുള്ള വാതിൽ ചേർത്തടച്ചു. എനിക്ക് തിരിച്ചറിയാനാകാത്ത വികാരത്തോടെ എന്നെ നോക്കുന്ന ആ അമ്മയുടെ കണ്ണുകളിൽ നിന്ന് ഓടിയൊളിക്കാനെന്നപോലെ...

No comments:

Post a Comment