Tuesday, January 28, 2014

പുനർജനികളുണ്ടാകുമോ....

ഇവിടെ മഴ പെയ്യുകയാണ്.....
രാവിലെ പെയ്യുന്ന മഴ... അതൊരു അനുഭവമാണ്....

അമ്മ പഴനിമുരുകനെ തൊഴാൻ പോയപ്പോൾ വാങ്ങിവന്ന, 
ചേച്ചിയുമായി വലിയൊരു യുദ്ധത്തിലൂടെ സ്വന്തമാകിയ,
ഇന്നും എനിക്ക് പേരറിയാത്ത നിറത്തിൽ,
വലിയ താമരപ്പൂക്കൾ പ്രിൻറ് ചെയ്ത പുതപ്പിനുള്ളിൽനിന്നും
തലമാത്രം പുറത്തേക്കിട്ടു ജനൽപടിയിൽ താടിയൂന്നി ...
പുലരിമഴ മുറ്റത്തെ സമൃദ്ധമായ പച്ചപ്പിൽ, ചെടിയുടെ ഇലകളിൽ,
ചെമ്പകപൂക്കളിൽ നൃത്തം ചവിട്ടുന്നു..
അമ്മ തന്ന ചൂടുള്ള ചായയും കുടിച്ചു
ഉറക്കത്തിന്റെ ആലസ്യം വിട്ട മനസ്സ് മഴയ്ക്കൊപ്പം മെല്ലെ...മെല്ലെ...

മാറ്റം വന്നത് സ്ഥലത്തിലും കാലത്തിലും മാത്രം...
എങ്കിലും എന്തിനോ ഒരു നഷ്ടബോധം...
പ്രിയപ്പെട്ടെതെന്തൊ കളഞ്ഞു പോയ കൊച്ചുകുട്ടിയുടെ
വിതുമ്പലുകൾ എനിക്ക് കേൾക്കാം...

നഷ്ട്ടപ്പെട്ടതു ആ ചൂടുള്ള ചായയാണ്...
പിറകിലൂടെ വന്നു നെഞ്ചോട്‌ ചേർത്തുപിടിക്കുന്ന
ആ വാത്സല്യമാണ്...
അമ്മ എന്ന അവകാശമാണ്....

പുനർജനികളുണ്ടാകുമോ....

No comments:

Post a Comment