Tuesday, January 28, 2014

അമ്മക്കുരുവി

ഞാൻ താമസിക്കുന്നത് നിറയെ മരങ്ങളുള്ള ഒരു ചെറിയ പാർക്കിലേക്ക് തുറന്ന ബാൽക്കണിയുള്ള തീരെ ചെറിയ ഒരു പഴയ ഫ്ലാറ്റിലാണ്. കുറെ ദിവസങ്ങൾക്ക് മുൻപ്‌ പാർക്കിലെ ധാരാളം കുരുവികളിലൊരാൾ അവിടെയുള്ള മരങ്ങളെയെല്ലാം അവഗണിച്ച് ബാൽക്കണിയിലെ ലൈറ്റ് ഷേടിൽ കൂടുകൂട്ടി. അവധി ദിവസങ്ങളിൽ അവളും അവളുടെ കൂട്ടുകാരനും എനിക്ക് കൂട്ടായി.

പൊടുന്നനെ ഒരു പ്രഭാതത്തിൽ കൂട്ടിലൊരു കുഞ്ഞു മുട്ട പ്രത്യക്ഷപ്പെട്ടു. പിന്നെ പെതിയെ മറ്റൊന്നുകൂടി.

ഇന്ന് രാവിലെ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്ന ഞാൻ കണ്ടത് സിമന്റുതറയിൽ ചിതറിയ പൂക്കൾപോലെ... ആ അമ്മക്കിളിയുടെ പ്രതീക്ഷകൾ...പൂവണിയാത്ത സ്വപ്‌നങ്ങൾ. എനിക്കെതിരെ കൈവരിയിലിരുന്നു അവൾ - ജനിക്കും മുൻപേ ഉടഞ്ഞു ചിതറിയ സ്വപ്നങ്ങളുമായി ഒരമ്മ - എന്നെ നോക്കുന്നു.

ഹൃദയത്തിന് മുകളിൽ ആരോ അമര്ത്തിപ്പിടിക്കുംപോലെ...എനിക്ക് അമ്മയെ, അമ്മയുടെ കരുതലും വാത്സല്യവും, ഓർമവന്നു. ഞാൻ പതിയെ ബാൽക്കണിയിലേക്കുള്ള വാതിൽ ചേർത്തടച്ചു. എനിക്ക് തിരിച്ചറിയാനാകാത്ത വികാരത്തോടെ എന്നെ നോക്കുന്ന ആ അമ്മയുടെ കണ്ണുകളിൽ നിന്ന് ഓടിയൊളിക്കാനെന്നപോലെ...
ഈ ഉരുകുന്ന വേനലിനക്കരെ 
കുളിരൊഴുകുന്നരരുവിയായി 
നീയൊഴുകുന്നുണ്ടെന്നതാണ് 
എൻറെ പ്രതീക്ഷ.

എങ്കിലും 
നീയുണ്ടെങ്കിലാണ് 
എൻറെ വേദന...

കാഴ്ച്ചകൾക്കപ്പുറം 
കനിവൊഴുകുമുറവകൾ
ഇനി ഒഴുകാതിരിക്കട്ടെ...
തണുപ്പ് കുറഞ്ഞു തുടങ്ങിയത് പോലെ....
പക്ഷെ വരാൻ പോകുന്ന വേനലിറെ 
തീവ്രതയോർക്കുമ്പോൾ 
ഒരാഗ്രഹം... 
ഈ തണുപ്പുകാലം പുലരാതിരുന്നെങ്കിൽ...

പുനർജനികളുണ്ടാകുമോ....

ഇവിടെ മഴ പെയ്യുകയാണ്.....
രാവിലെ പെയ്യുന്ന മഴ... അതൊരു അനുഭവമാണ്....

അമ്മ പഴനിമുരുകനെ തൊഴാൻ പോയപ്പോൾ വാങ്ങിവന്ന, 
ചേച്ചിയുമായി വലിയൊരു യുദ്ധത്തിലൂടെ സ്വന്തമാകിയ,
ഇന്നും എനിക്ക് പേരറിയാത്ത നിറത്തിൽ,
വലിയ താമരപ്പൂക്കൾ പ്രിൻറ് ചെയ്ത പുതപ്പിനുള്ളിൽനിന്നും
തലമാത്രം പുറത്തേക്കിട്ടു ജനൽപടിയിൽ താടിയൂന്നി ...
പുലരിമഴ മുറ്റത്തെ സമൃദ്ധമായ പച്ചപ്പിൽ, ചെടിയുടെ ഇലകളിൽ,
ചെമ്പകപൂക്കളിൽ നൃത്തം ചവിട്ടുന്നു..
അമ്മ തന്ന ചൂടുള്ള ചായയും കുടിച്ചു
ഉറക്കത്തിന്റെ ആലസ്യം വിട്ട മനസ്സ് മഴയ്ക്കൊപ്പം മെല്ലെ...മെല്ലെ...

മാറ്റം വന്നത് സ്ഥലത്തിലും കാലത്തിലും മാത്രം...
എങ്കിലും എന്തിനോ ഒരു നഷ്ടബോധം...
പ്രിയപ്പെട്ടെതെന്തൊ കളഞ്ഞു പോയ കൊച്ചുകുട്ടിയുടെ
വിതുമ്പലുകൾ എനിക്ക് കേൾക്കാം...

നഷ്ട്ടപ്പെട്ടതു ആ ചൂടുള്ള ചായയാണ്...
പിറകിലൂടെ വന്നു നെഞ്ചോട്‌ ചേർത്തുപിടിക്കുന്ന
ആ വാത്സല്യമാണ്...
അമ്മ എന്ന അവകാശമാണ്....

പുനർജനികളുണ്ടാകുമോ....

ശരികൾ

അബോധത്തിലും അർദ്ധബോധത്തിലും 
മനസ്സിലാക്കിയതെല്ലാം മാറുകയാണ്.

ഏതാണ് ശരി...
മുന്പുണ്ടായിരുന്നതോ, ഇപ്പൊഴുള്ളതോ...

രണ്ടു ശരികൾക്കിടയിലെവിടെയോ ഒളിഞ്ഞിരുന്നു
മറ്റൊരു ശരി ചിരിക്കുന്നുണ്ട്.
എന്നെ പരിഹസിക്കുന്നുണ്ട്.
എനിക്കറിയാം..

പക്ഷെ ഉപേക്ഷിക്കാൻ മനസ്സില്ല...

ശരികളെ ശരികളായി തിരിച്ചറിയുന്നത്‌ വരെ,
ഞാനെന്നെ പിന്തുടർന്നുകൊണ്ടേയിരിക്കും. തീർച്ച.
വയനാടാൻ ചുരമിറങ്ങി ഒരു കാറ്റ് വീശുന്നുണ്ട്...
കാടിന്റെ തണുപ്പും, കാട്ടരയന്റെ കരുത്തുമായ്...